Monday 16 January 2012

വിദേശ പൗരന്മാര്‍ക്ക് ഓഹരിവിപണിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ അനുമതി !!

ന്യൂദല്‍ഹി: വിദേശ പൗരന്മാര്‍ക്കും ട്രസ്റ്റുകള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) അനുമതി നല്‍കി.   കടുത്ത നിബന്ധനകളോടെയാണ് നിക്ഷേപത്തിന് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങി.
ജനുവരി ഒന്നിന് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ അഞ്ചു ശതമാനംവരെ ഓഹരികള്‍ മാത്രമേ വിദേശപൗരന്മാര്‍ക്ക് വാങ്ങാവൂ. 
ധനകാര്യ കാര്യങ്ങള്‍ക്കുള്ള കര്‍മസമിതി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുകയും വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയ വ്യക്തികളോ ഗ്രൂപ്പുകളോ സംഘങ്ങളോ ആയിരിക്കണം നിക്ഷേപകര്‍.
സെബിയില്‍ രജിസ്റ്റര്‍ ചെയ്ത് ഡെപ്പോസിറ്ററികള്‍ വഴി മാത്രമാവും ഇടപാടുകള്‍ അനുവദിക്കുക. ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികളും, പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന ഓഹരികളും വാങ്ങാം. അവകാശ ഓഹരികള്‍, ബോണസ് ഓഹരികള്‍ എന്നിവയും ഇവര്‍ക്ക് ലഭിക്കും.
വിദേശ നിക്ഷേപകന്‍െറ പ്രതിനിധിയുടെ നിര്‍ദേശം അനുസരിച്ച് ഡെപ്പോസിറ്ററികളാവും ഓഹരികള്‍ വാങ്ങുക.
 നിര്‍ദേശം ലഭിച്ച് അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം ഇടപാട് പൂര്‍ത്തിയാക്കിയിരിക്കണം. അല്ളെങ്കില്‍ ഇതിനായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന പണം വിദേശ നിക്ഷേപകന്‍െറ വിദേശരാജ്യത്തുള്ള ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിക്കും. രാജ്യത്തെ സെക്യൂരിറ്റീസ് വിപണിയുടെ നിയന്ത്രണ ചുമതലയുള്ള ഇന്‍റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമീഷനില്‍ (ഐ.ഒ.എസ്.സി.ഒ) അംഗങ്ങളായ രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപകര്‍ക്കേ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപങ്ങള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ. നിലവില്‍ 100ഓളം രാജ്യങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തന പരിധിയില്‍ വരും.
(courtesy:madhyamam.com)

No comments:

Post a Comment

Latest News