Wednesday 19 March 2014

ഡെബിറ്റ് കാര്‍ഡ് ഷോപ്പിങ്ങിന് ഇനി പിന്‍ നിര്‍ബന്ധം !!



കൊച്ചി: എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നത് ഇനി കൂടുതല്‍ സുരക്ഷിതം. ഡിസംബര്‍ ഒന്നു മുതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പിന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാങ്കുകള്‍ പിന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. 

എടിഎം പിന്‍ തന്നെയാണ് ഷോപ്പിങ്ങിനു ശേഷം കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോഴും രേഖപ്പെടുത്തേണ്ടത്. 

എസ്ബിഐ ഉള്‍പ്പെടെ ഏതാനും ബാങ്കുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോള്‍ നേരത്തെ തന്നെ പിന്‍ നമ്പര്‍ രേഖപ്പെടുത്തണമായിരുന്നു. ഇപ്പോള്‍ മറ്റു ബാങ്കുകളും ഇതു നിര്‍ബന്ധമാക്കിയിരിക്കുകയാണ്. 

എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇതു സംബനന്ധിച്ച അറിയിപ്പ് എസ്എംഎസ് ആയും ഇ-മെയിലിലൂടെയും ഇടപാടുകാര്‍ക്ക് അയയ്ക്കുന്നുണ്ട്. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് എടിഎം ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതു ഉപയോഗിച്ചുള്ള പണമിടപാടുകളും കൂടി. ഈ സാഹചര്യത്തിലാണ് ഇവയ്ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ബിഐ നടപടികള്‍ സ്വീകരിക്കുന്നത്. 

രാജ്യത്ത് കാര്‍ഡ് സ്വയ്പിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. നിലവില്‍ വിവിധ ബാങ്കുകളുടേതായി 10.5 ലക്ഷം പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളുണ്ടെന്നാണ് കണക്കാക്കുന്നത്.
(courtesy: mathrubhumi)

ബ്രിട്ടനിലെ സമ്പന്നരില്‍ ഹിന്ദുജ സഹോദരന്മാര്‍ മൂന്നാം സ്ഥാനത്ത് !!


ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്മാര്‍ മൂന്നാം സ്ഥാനത്ത്. ഫോബ്‌സ് മാസികയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത്. 
റിപ്പോര്‍ട്ട് അനുസരിച്ച് ശ്രീചന്ദ് - ഗോപീചന്ദ് ഹിന്ദുജ സഹോദരന്മാരുടെ ആസ്തി 1,000 കോടി ഡോളറാണ്. അതായത്, ഏതാണ്ട് 62,000 കോടി രൂപ. വാഹനക്കമ്പനിയായ അശോക് ലെയ്‌ലാന്‍ഡിന്റെ ഉടമകളാണ് ഇവര്‍. ഗള്‍ഫ് ഓയില്‍ കോര്‍പ്പറേഷന്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയില്‍ ഇവര്‍ക്ക് ഓഹരിയുണ്ട്. വിവാദമായ ബോഫോഴ്‌സ് ആയുധ ഇടപാടില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് സി.ബി.ഐ. കണ്ടെത്തിയിരുന്നെങ്കിലും വേണ്ടത്ര തെളിവില്ലാത്തതിനാല്‍ ഡല്‍ഹി ഹൈക്കോടതി ഇവരെ വെറുതെ വിട്ടിരുന്നു. 
വെസ്റ്റ് മിന്‍സ്റ്റര്‍ പ്രഭുവിന്റെ കുടുംബമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഡേവിഡ്-സൈമണ്‍ റൂബന്‍ സഹോദരന്മാര്‍ രണ്ടാം സ്ഥാനത്തും. 

Saturday 8 March 2014

മലയാളി സമ്പന്നരില്‍ എം.എ. യൂസുഫലി ഒന്നാമന്‍ !!


അബൂദബി: മലയാളികളിലെ ഏറ്റവും വലിയ സമ്പന്നന്‍ ലുലു ഗ്രൂപ്പ് എം.ഡി. എം.എ. യൂസുഫലിയെന്ന് ചൈന കേന്ദ്രമായുള്ള ഹുറുന്‍ റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ മറ്റ് നാല് മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. 12400 കോടി രൂപയുടെ സ്വത്തുമായാണ് യൂസുഫലി മലയാളികളില്‍ ഒന്നാമതും ഇന്ത്യക്കാരില്‍ 38ാമതും എത്തിയത്. 9900 കോടി രൂപയുടെ സ്വത്തുക്കളുള്ള രവി പിള്ളയാണ് മലയാളി സമ്പന്നരില്‍ രണ്ടാമന്‍. 9300 കോടി രൂപയുടെ സ്വത്തുള്ള സണ്ണി വര്‍ക്കി, 8700 കോടി രൂപയുമായി ക്രിസ് ഗോപാലകൃഷ്ണന്‍, 8100 കോടിയുടെ ആസ്തിയുമായി ടി.എസ്. കല്യാണരാമന്‍ എന്നിവരും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അടുത്തിടെ അറേബ്യന്‍ ബിസിനസ് മാഗസിന്‍ തയാറാക്കിയ ഗള്‍ഫിലെ സമ്പന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ യൂസുഫലി മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.ഹുറുന്‍ പട്ടികയില്‍ ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. ലക്ഷ്മി എന്‍. മിത്തല്‍ രണ്ടാം സ്ഥാനത്താണ്. സാവിത്രി ജിന്‍ഡാലാണ് ഏറ്റവും സമ്പന്നയായ ഇന്ത്യന്‍ വനിത.
ലോക സമ്പന്നരില്‍ മുന്നില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും രണ്ടാം സ്ഥാനത്ത് വാറന്‍ ബുല്ളെറ്റുമാണ്. ലോക സമ്പന്നരുടെ പട്ടികയില്‍ 89 പേരുമായി ഇന്ത്യക്ക് അഞ്ചാം സ്ഥാനമാണുള്ളത്. 481 ശത കോടീശ്വരന്‍മാരുമായി അമേരിക്ക ഒന്നാമതും 358 പേരുള്ള ചൈന രണ്ടാമതുമാണ്.

Tuesday 4 March 2014

2015 ജനവരി വരെ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാം !!


മുംബൈ: പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി പുതിയവ കൈപ്പറ്റാനുള്ള കാലാവധി റിസര്‍വ് ബാങ്ക് നീട്ടി. 2005-ന് മുമ്പുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാനാണ് ആര്‍ബിഐ തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള കാലാവധി അടുത്ത വര്‍ഷം ജനവരി ഒന്നായി പുതുക്കി നിശ്ചയിച്ചു. നേരത്തെ മാര്‍ച്ച് 31 വരെയായിരുന്നു ഇതിന് അവസരം നല്‍കിയിരുന്നത്.2005-ന് ശേഷമുള്ള നോട്ടുകള്‍ കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇറക്കിയവയാണ്. ഇവയുടെ വ്യാജ നോട്ടുകള്‍ നിര്‍മിക്കുക അത്ര എളുപ്പമല്ല. 2005-ന് മുമ്പ് ഇറക്കിയ നോട്ടുകളില്‍ അത് ഇറക്കിയ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല.
(courtesy: mathrubhumi.com)

Latest News